എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയതിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ. ഹൈക്കോടതി അങ്കണത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ ഭാരവാഹികളും ബാർ കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് അഭിഭാഷകർ ഹൈക്കോടതിക്ക് മുന്നിൽ പ്രകടനം നടത്തി.
പൊലീസിനെ അഭിഭാഷകർ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. നീതി നിർവഹണത്തെ തടസപ്പെടുത്തുന്നതാണ് അഭിഭാഷകനെതിരായ നോട്ടിസെന്ന് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് വിജയൻ പറഞ്ഞു. തെളിവ് നിയമപ്രകാരം അഭിഭാഷകനും കക്ഷിയും തമ്മിലുള്ള എന്ത് സംസാരവും പരിരക്ഷയുള്ളതാണ്.
പൊലീസിന് ഇത്തരം കാര്യങ്ങൾ അറിയാത്തത് കൊണ്ടാണോയെന്ന് അറിയില്ല. ഇതിനെ നിയമപരമായി നേരിടും. പൊലീസ് നടപടിയെ ശക്തമായി എതിർക്കുമെന്നും രാജേഷ് വിജയൻ പറഞ്ഞു. കേരള ബാർ കൗൺസിൽ ഇതിനെ ഗൗരവമായാണ് കാണുന്നതെന്ന് ചെയർമാൻ കെ.എൻ അനിൽ കുമാർ പറഞ്ഞു. അഭിഭാഷകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും അനിൽ കുമാര്‍ ചൂണ്ടിക്കാട്ടി.
ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ള മൊഴി മാറ്റാൻ വാഗ്‌ദാനങ്ങള്‍ നൽകിയെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. എന്നാൽ അഭിഭാഷകനെന്ന പരിരക്ഷയുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രാമന്‍ പിള്ള മറുപടി നൽകിയിരുന്നു.