എറണാകുളം: ലേബർ കമ്മിഷണർ കിറ്റക്‌സില്‍ നടത്തിയ പരിശോധന പൂർത്തിയായി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പിലും വനിത ഹോസ്റ്റലിലുമായിരുന്നു തെളിവെടുപ്പ്. കിറ്റക്‌സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് ലേബർ ക്യാമ്പിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്.
തൊഴിൽ നിയമങ്ങൾ പാലിച്ചാണോ കമ്പനി പ്രവർത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലേബർ കമ്മിഷണർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് ലേബർ കമ്മിഷണർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കിറ്റക്‌സിലെ ലേബർ ക്വാർട്ടേഴ്‌സില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.
തൊഴിലാളികൾക്കുള്ള താമസ സൗകര്യം, വേതനം ഉൾപ്പടെയുള്ള കാര്യങ്ങൾ ലേബർ കമ്മിഷണർ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഇതിന് ശേഷം വനിത ജീവനക്കാരുടെ ഹോസ്റ്റലിലെത്തിയും പരിശോധന നടത്തി. കമ്പനിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കും ലേബർ കമ്മിഷണർ പരിശോധിച്ചു.
മാനേജ്മെൻ്റ് പ്രതിനിധികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പരിശോധന റിപ്പോർട്ട് ഉടൻ തൊഴിൽ മന്ത്രിക്ക് സമർപ്പിക്കുമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.
Also read: Kizhakkambalam Violence : ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ ഡിജിപിയുടെ നിർദേശം