എറണാകുളം : മിറാക്കിൾ ഫ്രൂട്ട്, റോളീനിയ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, വൈറ്റ് ഞാവൽ, ലിച്ചി തുടങ്ങി 30ൽ പരം വ്യത്യസ്‌തങ്ങളായ പഴങ്ങള്‍. വിവിധയിനം വാഴകള്‍,കൂടാതെ തണ്ണിമത്തനും. സ്വദേശിയും വിദേശിയുമായി, കോതമംഗലം പാലമറ്റം സ്വദേശി റോയിയുടെ കൃഷിയിടത്തില്‍ വൈവിധ്യമാര്‍ന്ന പഴങ്ങളാണ് വിളയുന്നത്.
കൃഷിയോടുള്ള താല്‍പ്പര്യം കൊണ്ടാണ് കോതമംഗലത്ത് നിന്ന് റോയി ചീക്കോടേക്ക് 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസം മാറ്റിയതുതന്നെ. റബ്ബര്‍ വെട്ടി മാറ്റിയാണ് പഴ കൃഷി തുടങ്ങുന്നത്. ബ്രസീൽ, അർജന്‍റീന, പെറു തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന പഴങ്ങള്‍ കേരളത്തിലും കൃഷി ചെയ്‌ത് വിളവെടുക്കാമെന്ന് റോയി തെളിയിച്ചുകഴിഞ്ഞു.
2 ഏക്കർ പുരയിടത്തില്‍ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. സമ്മിശ്ര കൃഷി രീതിയാണ് പിന്തുടരുന്നത്. പഴങ്ങള്‍ക്കൊപ്പം പച്ചക്കറി കൃഷിയുമുണ്ട്. കപ്പ, ചേമ്പ്, ചേന, കൂർക്ക, വെണ്ട, പച്ചമുളക്, മഞ്ഞൾ എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ട ഭക്ഷ്യവസ്‌തുക്കളെല്ലാം കൃഷിയിടത്തില്‍ നിന്ന് ലഭിയ്ക്കും. പോരാത്തതിന് തേനീച്ചവളര്‍ത്തലുമുണ്ട്.
സാമ്പത്തിക ലാഭത്തേക്കാള്‍ മനസിന്‍റെ തൃപ്‌തിയാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്ന് മണ്ണിനെ തൊട്ടറിഞ്ഞ ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു.
Also read: നമ്മുടെ മണ്ണുത്തിയില്‍ നിന്നിതാ കുരുവില്ലാത്ത തണ്ണിമത്തൻ...