കൊച്ചി: നിർധന കുടുംബത്തിന് വീടൊരുക്കി കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ. എറണാകുളം പാലിയംതുരുത്ത് സ്വദേശി ഷാജുവിനും കുടുംബത്തിനുമാണ് എൻജിനീയറിങ് കോളജിലെ 1994 ബാച്ചിലെ വിദ്യാർഥികൾ ചേർന്ന് തലചായ്ക്കാനൊരിടം ഒരുക്കിയത്. പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത കോളജിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ അംഗങ്ങളാണ് കുടുംബത്തിന്റെ ദയനീയത തിരിച്ചറിഞ്ഞത്.
ബുദ്ധിമാന്ദ്യം സംഭവിച്ച മകളോടൊപ്പം അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുകയെന്ന ഷാജുവിന്റെയും ഭാര്യയുടേയും സ്വപ്നമാണ് പൂർവ വിദ്യാർഥി കൂട്ടായ്മ യാഥാർഥ്യമാക്കിയത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്നാണ് പണികഴിപ്പിച്ച പുതിയ വീടിന്‍റെ താക്കോൽദാനം നിർവഹിച്ചത്.
പൂർവ്വവിദ്യാർഥികളായ ആർകിടെക്റ്റുകൾ ചേർന്നാണ് വീടിന്‍റെ പ്ലാൻ തയ്യാറാക്കിയത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഉള്ള വീടിന്റെ നിർമ്മാണം 70 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. വിദ്യാർഥികളുടെ കൂട്ടായ്മ പ്രളയ സഹായമായി നിർമ്മിക്കുന്ന മൂന്നു വീടുകളിൽ രണ്ടാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ടികെഎം കോളജിലെ പൂർവ്വവിദ്യാർഥികളായ ബെന്നി കോതാട്, സെബാസ്റ്റ്യൻ അരുൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ മത്സ്യത്തൊഴിലാളികളെ ആദരിച്ചു.