എറണാകുളം: കാക്കനാട് ഫ്ലാറ്റിലെ കൊലപാതകമുൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തെ കാമറ നിരീക്ഷണത്തിലാക്കാൻ പൊലീസ് തീരുമാനം. 'ഓപ്പറേഷൻ നിരീക്ഷണം' പദ്ധതിയുടെ കീഴിൽ നഗരത്തിലെ സിസിടിവി നെറ്റ്‌വർക്ക് വിപുലീകരിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രണ്ട് ലക്ഷം നിരീക്ഷണ കാമറകൾ നഗരത്തിലുടനീളം സ്ഥാപിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം അറിയിച്ചു.
രണ്ട് ലക്ഷം സിസിടിവി കാമറകൾ: നിലവിൽ 20,000 സിസിടിവി കാമറകളാണ് നഗരത്തിലുള്ളത്. ഇത് രണ്ട് ലക്ഷമായി ഉയർത്തും. സ്വകാര്യ വസതികൾ, അപ്പാർട്ട്‌മെന്‍റ് സമുച്ചയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പ്രധാന സ്ഥലങ്ങളിലെ എൻട്രി-എക്‌സിറ്റ് പോയിന്‍റുകൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി കോളനികളിലെയും അപ്പാർട്ട്‌മെന്‍റുകളിലെയും റസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളുമായും (ആർഡബ്ല്യുഎ) മർച്ചന്‍റ് അസോസിയേഷനുകളുമായും പൊലീസ് ചർച്ച ചെയ്‌തുവരികയാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.
ഇതോടെ സ്വകാര്യ സിസിടിവി കാമറകളും പൊലീസിന്‍റെ നിരീക്ഷണ ശൃംഖലയിൽ ഉൾപ്പെടും. കൂടാതെ ഓപ്പറേഷൻ നിരീക്ഷണം പദ്ധതി പ്രകാരം ഓരോ പൊലീസ് സ്റ്റേഷന്‍റെ നിയന്ത്രണത്തിലും പരമാവധി 8,000 കാമറകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പദ്ധതി പരിമിത കാലത്തേക്കല്ലെന്ന് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ: കഴിഞ്ഞ ദിവസം കാക്കനാട് ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ഫ്ലാറ്റിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുമുമ്പും നഗരത്തിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് നിരീക്ഷണ കാമറകൾ വിപുലമാക്കാൻ പൊലീസ് തീരുമാനിച്ചത്.
ജീവനെടുക്കുന്നത് ലഹരിക്കായി: കൊച്ചിയിൽ അടുത്തിടെ തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഈ മൂന്ന് കേസുകളും മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ സ്വാധീനത്തിലാണ് നടന്നിട്ടുള്ളതെന്നും കമ്മിഷണർ പറഞ്ഞു. പുതിയതായി താമസത്തിന് വരുന്നവരെയും സംശയകരമായ രീതിയിൽ കാണപ്പെടുന്ന അപരിചിതരെയും കുറിച്ച് റസിഡന്‍റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പൊലീസിനെ അറിയിച്ചാൽ ഒരുപക്ഷെ ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാനാകും. വിഷയത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുറ്റകൃത്യങ്ങൾ കാണപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.