എറണാകുളം: കൊച്ചിയിൽ മോഡലുകളുടെ വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേരാണ് പ്രതികൾ. കാറോടിച്ച അബ്‌ദു റഹ്മാനാണ് കേസിലെ ഒന്നാംപ്രതി.
8 പേരെ പ്രതിയാക്കി കുറ്റപത്രം
സൈജു തങ്കച്ചൻ അമിത വേഗതയിൽ കാറിൽ പിന്തുടർന്നത് അപകടത്തിന് ഇടയാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സൈജു ദുരുദ്ദേശത്തോടെ യുവതികളെ പിന്തുടർന്നുവെന്നും കുറ്റപത്രത്തിലുണ്ട്. ഹോട്ടലിൽ നടന്ന അനിഷ്‌ട സംഭവങ്ങളുടെ തുടർച്ചയായാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
കാറോടിച്ചിരുന്ന അബ്‌ദു റഹ്മാന്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ഇയാൾ മദ്യപിച്ചതും ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ നിന്നായിരുന്നു. അപകടത്തിന് കാരണമായത് ഔഡി കാറിൽ സൈജു എന്നയാൾ പിന്തുടർന്നതിനാലാണെന്നാണ് അബ്‌ദു റഹ്മാൻ പൊലീസിന് മൊഴി നൽകിയിരുന്നു. അപകടത്തെ തുടർന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിക്കപ്പെട്ടിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കണ്ടത്താന്‍ വേമ്പനാട്ട് കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല.
കുറ്റപത്രം നാലര മാസത്തിന് ശേഷം
നവംബർ ഒന്നിന് പുലർച്ചെയാണ് ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തശേഷം തൃശൂരിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണർ അപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതേ കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയും മരിച്ചിരുന്നു. സംഭവം നടന്ന് നാലര മാസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
READ MORE: പോക്‌സോ കേസ് : ഹോട്ടല്‍ 18 ഉടമയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ സൈജു എം തങ്കച്ചന്‍ കീഴടങ്ങി