എറണാകുളം: കൊവിഡ് പ്രതിരോധത്തിനായി ഓട്ടോ ആംബുലൻസ് സേവനം ലഭ്യമാക്കി കൊച്ചി കോർപ്പറേഷൻ. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്‍റെ സഹകരണത്തോടെയാണ് ഓട്ടോ ആംബുലന്‍സ് പദ്ധതി കോര്‍പ്പറേഷന്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച പതിനെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കൊവിഡ് ബാധിതരായ ജനങ്ങള്‍ക്ക് അടിയന്തരസഹായം എത്തിക്കുകയാണ് കൊവിഡ് ഓട്ടോ ആംബുലന്‍സുകളുടെ ലക്ഷ്യം. രോഗികളെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും.
Read more: കൊവിഡ് പ്രതിരോധം; മാതൃകയായി കൊച്ചി നഗരസഭയിലെ കൊവിഡ് ആശുപത്രി
കൊവിഡ് പ്രതിരോധത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രറെഡ് തെര്‍മോമീറ്റര്‍ എന്നീ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന വിധത്തിലാണ് ഓട്ടോ ആംബുലന്‍സിന്‍റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഒരു വനിതയടക്കം പതിനെട്ട് ഡ്രൈവര്‍മാരാണ് പദ്ധതിയുടെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
പദ്ധതിക്കാവശ്യമായ സാമ്പത്തിക ചെലവ് വഹിക്കുന്നത് ജിഐഇസഡും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ്. സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സി-ഹെഡ്, കോറോണ സേഫ് നെറ്റ്‌വര്‍ക്ക്, ടെക്ക്‌നോവിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഓക്‌സിജന്‍ ബെഡുകളുള്ള താല്‍ക്കാലിക ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ, മൊബൈൽ മെഡിക്കൽ യൂണിറ്റ്, ടെലി മെഡിസിൻ സംവിധാനം, കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണ വിതരണം എന്നിവയും കൊച്ചി കോർപ്പറേഷന് കീഴിൽ നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു.