എറണാകുളം : കൊച്ചിയിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വരുന്ന 48 മണിക്കൂറിനുള്ളിൽ ശ്വാസ തടസമുൾപ്പടെയുള്ള ശാരീരിക പ്രശ്‌നമുണ്ടായാൽ വെന്‍റിലേറ്ററിലേക്ക് വീണ്ടും മാറ്റേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയുടെ ശ്വാസഗതിയും, ഹൃദയമിടിപ്പും, രക്തസമ്മർദവും സാധാരണ നിലയിലെത്തി. വൈകുന്നേരം മുതൽ ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നൽകി തുടങ്ങുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
'കുട്ടിയുടെ അച്ഛന്‍റെ ഭീഷണിയെ തുടർന്ന് മാറി നിൽക്കുന്നു'
അതേസമയം കുഞ്ഞിന് മർദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ അമ്മയുടെ, സഹോദരിയുടെ സുഹൃത്ത് വിശദീകരണവുമായി രംഗത്തെത്തി. താൻ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്‍റണി ടിജിൻ പറയുന്നു. ദുർമന്ത്രവാദം ചെയ്‌തിട്ടില്ല.
നുണ പറഞ്ഞ് തന്നെ കുടുക്കാനാണ് കുട്ടിയുടെ അച്ഛൻ ശ്രമിക്കുന്നത്. താൻ ഒളിവിലല്ല. കുട്ടിയുടെ അച്ഛന്‍റെ ഭീഷണിയെ തുടർന്നാണ് മാറി നിൽക്കുന്നത്. കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ എന്തുകൊണ്ടാണ് ചികിത്സ ഏറ്റെടുക്കാത്തത്. കുട്ടിയുടെ അച്ഛന്‍റെ അടുത്ത് നിന്നും കുടുംബത്തെ സംരക്ഷിച്ചതാണ് താൻ ചെയ്‌ത തെറ്റെന്നും ആന്‍റണി ടിജിൻ വിശദീകരിക്കുന്നു.
അതേസമയം ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചെങ്കിലും മറുപടി നൽകിയിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിയുകയുള്ളൂ.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ട് വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായും കണ്ടത്തി. തുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.
കുട്ടിക്ക് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്ടറോട് അമ്മ പറഞ്ഞത്. അമ്മയുടെ ഈ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.