കൊച്ചി: കുടുംബശ്രീയുടെ സംഘകൃഷി ക്യാമ്പയിൻ സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. കൃഷി വകുപ്പുമായി യോജിച്ച് കുടുംബശ്രീ കാർഷിക പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 'നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം ജനങ്ങൾ ഏറ്റെടുക്കണം. കേരളത്തിൽ കൃഷി ചെയ്യാൻ വലിയ തോട്ടങ്ങളില്ല. ചെറിയ പ്ലോട്ടുകളാണുള്ളത്. ഇവിടെയാണ് ഗ്രൂപ്പ് കൃഷിക്ക് പ്രസക്തിയേറുന്നത്. കുടുംബശ്രീക്ക് ഇവിടെ കൂടുതൽ ചെയ്യാൻ കഴിയും. വിള ഇൻഷൂറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർബന്ധമായും കർഷകർ അംഗങ്ങളാകണമെന്നും' മന്ത്രി പറഞ്ഞു. വിത്തിന്റെയും തൈകളുടെയും ഗുണമേന്മ ഉറപ്പു വരുത്താൻ സർക്കാർ നടപടികൾ കൈകൊള്ളുകയാണ്. ഗുണമേന്മയുള്ള വിത്ത് നൽകുന്ന നഴ്സറികൾക്ക് മാത്രമേ ലൈസൻസ് നൽകൂവെന്ന നിബന്ധനകൾ സർക്കാർ മുന്നോട്ടുവച്ച് കഴിഞ്ഞു.
20 ലക്ഷം ടൺ പച്ചക്കറി ഉപയോഗിക്കുന്ന നമ്മൾ ഉല്പാദിപ്പിക്കുന്നത് ഏഴേകാൽ ലക്ഷം പച്ചക്കറി മാത്രമാണ്. ആവശ്യത്തിന്റെ നാലിലൊന്ന് മാത്രം. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് സമഗ്ര പച്ചക്കറി ഉല്പാദക പദ്ധതികൾ വഴി പച്ചക്കറി ഉല്പാദനം പന്ത്രണ്ടര ലക്ഷം ടൺ ആയി വർധിപ്പിച്ചു. ഈ വർഷം പതിനാലര ലക്ഷമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. നെല്ലിന്റെ ഉല്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടായി. നെല്ല് ഉല്പാദനം മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. നെൽകൃഷിപോലുള്ളവ ചെയ്തില്ലെങ്കിൽ നമ്മുടെ നാടും തമിഴ്നാട് പോലെ കുടിവെള്ളമില്ലാതെ വലയുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ആലുവ പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മൂല്യവർധിത ഉൽപ്പന്ന യൂണിറ്റ് ഉദ്ഘാടനം ചെയ്തു.