എറണാകുളം : കിഴക്കമ്പലത്തെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരപരാധികളെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ. 151 പേർ നിരപരാധികളാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
യഥാർഥ പ്രതികളിൽ 2 പേരെ തങ്ങൾ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പത്തുപേരെ കൂടി തങ്ങൾ പോലീസിന് കൈമാറി. അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ല. അവർക്ക് വേണ്ടി അഭിഭാഷകരെ നിയോഗിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
നിയമ വിരുദ്ധമായ ഒരു പ്രവർത്തനത്തെയും അംഗീകരിക്കുന്നില്ല. സംഘർഷത്തിൽ ഏർപ്പെട്ടവർക്ക് പരമാവധി ശിക്ഷ ലഭിക്കണം. നിർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ പകപോക്കലും കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.
Also read: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം; റിമാൻഡ് റിപ്പോർട്ട് പുറത്ത്
സർക്കാർ അനുവദിച്ചാൽ പൊലീസുകാരുടെ ചികിത്സ ചെലവ് ഏറ്റെടുക്കാൻ കമ്പനി തയ്യാറാണ്. അക്രമ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടക്കണം. കസ്റ്റഡിയിലെടുത്തവരെ ഉടനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാത്തത് വീഴ്‌ചയാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനുള അവസരമാണ് ഇല്ലാതായത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംസ്ഥാനത്ത് സജീവമാണ്.
പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കേരളത്തെക്കുറിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് സംസ്ഥാന താല്‍പര്യത്തിന് പ്രതികൂലമാകും. യാദൃശ്ചികമായുണ്ടായ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നവര്‍ കിറ്റക്‌സിനോടുള്ള പക തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.