എറണാകുളം : കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആവർത്തിച്ച് സാബു എം ജേക്കബ്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം വീണ്ടും ഉന്നയിച്ചത്. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിറ്റെക്സ് എം.ഡി.
വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നൽകുന്നത്. ഈ മാസം അവസാനം ആയിരം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവയ്ക്കും.
കേരളമാണ് വ്യവസായ സൗഹൃദമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സർക്കാരിന്‍റേത്. മറ്റ് സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം. വ്യവസായ സൗഹൃദമാകുന്നതിന് മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് ഇവിടുത്തെ വകുപ്പിന് അറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിന് രൂക്ഷവിമർശനം
പൊട്ടക്കിണറില്‍ വീണ തവളയുടെ അവസ്ഥയാണ് വ്യവസായ വകുപ്പിന്‍റേത്. ഇനിയെങ്കിലും യഥാർഥ സൗഹൃദ സംസ്ഥാനമാകാനാണ് കേരളം ശ്രമിക്കേണ്ടത്. വളർന്നുവരുന്ന തലമുറയ്ക്ക് കേരളത്തിൽ ജോലി ചെയ്ത് ജീവിക്കാൻ അവസരമൊരുക്കണം. അല്ലാതെ കേരളം വ്യവസായ സൗഹൃദമാണെന്ന് ആവർത്തിച്ചിട്ട് കാര്യമില്ല.
കിറ്റെക്സിനെ സംബന്ധിച്ചിടത്തോളം, വളർത്തിയ കേരളം വിടാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുള്ളതാണ്. 53 വർഷം അനുഭവിച്ച പ്രയാസങ്ങൾ പരിഗണിച്ചാൽ, മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കിൽ കമ്പനിയുടെ വളർച്ച ഇരുപതിരട്ടി ആകുമായിരുന്നു.
കിറ്റെക്‌സിനെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു
കിറ്റെക്സിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ - ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നത്. വരും ദിവസങ്ങളിൽ തനിക്കെതിരെ പ്രവർത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രണ്ടാം ദിവസവും കിറ്റെക്സ് ഓഹരിയിൽ ഇരുപത് ശതമാനത്തിന്‍റെ വർധനവ് രേഖപ്പെടുത്തി.
also read: 'കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല' ; നിലവിലേത് തുടരണോയെന്ന് ആലോചിക്കുമെന്നും സാബു എം ജേക്കബ്