എറണാകുളം : കോതമംഗലം കുട്ടമ്പുഴയില്‍ വിളിക്കാതെയെത്തിയ അതിഥിയെ കണ്ട് വീട്ടുടമ മാണി പോള്‍ ആദ്യമൊന്ന് അമ്പരന്നു. അമ്പരപ്പ് മാറി ആളെ കൂട്ടിയപ്പോഴേക്കും അതിഥി കയ്യാലയ്ക്കകത്ത് ഒളിച്ചു. ഉടല്‍ പുറത്ത്. തല കയ്യാലയ്ക്കകത്ത്.
കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ മാണി പോൾ എന്നയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിന് സമീപമാണ് കൂറ്റൻ രാജവെമ്പാലയെത്തിയത്. കോഴിയെ പിടിച്ചിടാൻ കോഴിക്കൂടിന് സമീപം ചെന്നപ്പോഴാണ് വീട്ടുടമയായ മാണി പോൾ രാജവെമ്പാലയെ കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിച്ചു.
Read more: 'പാമ്പുകൾ ശരിക്കും പ്രശ്‌നക്കാരാണോ?' ലോക പാമ്പ് ദിനത്തിൽ അറിയേണ്ടതെല്ലം
കോടനാട് നിന്ന് പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. പാമ്പിൻ്റെ തല കയ്യാലയുടെ പൊത്തിലും ഉടൽ ഭാഗം പുറത്തേക്കുമായിട്ടായിരുന്നു ആദ്യം പാമ്പിനെ കണ്ടത്. ആളുകൾ എത്തിയതോടെ പാമ്പ് പൂർണമായും കയ്യാല പൊത്തിലൊളിച്ചു.
മണിക്കൂറുകളാണ് വീട്ടുടമസ്ഥനേയും നാട്ടുകാരേയും വനപാലകരേയും പാമ്പ് വട്ടം ചുറ്റിച്ചത്. തുടർന്ന് കല്ലുകൾ നീക്കം ചെയ്‌ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പ് വനപാലകരുടെ വലയില്‍.