എറണാകുളം: കേരള ഫുട്ബോള്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. ആദ്യ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സിയും കെഎസ്ഇബിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്.
കെഎസ്ഇബി പത്താം നമ്പർ താരം വിക്നേഷാണ് മത്സരത്തിന്‍റെ എഴുപത്തിരണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. അമ്പത്തിയൊമ്പതാം മിനിറ്റിൽ അർജുൻ ജയരാജിലൂടെ കേരള യുണൈറ്റഡ് എഫ്‌സി സമനില ഗോൾ നേടുകയായിരുന്നു. കെഎസ്ഇബിയുടെ വിക്നേഷ് തന്നെയാണ് മാൻ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചിയിലും കോഴിക്കോടുമാണ് കെപിഎൽ മത്സരങ്ങൾ നടക്കുന്നത്. 22 പ്രമുഖ ടീമുകളാണ് ടൂർണമെന്‍റില്‍ ഏറ്റുമുട്ടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടൂർണമെന്‍റുകളിലൊന്നായ കെപിഎൽ ദക്ഷിണേന്ത്യയിലെ ഏക സ്റ്റേറ്റ് ലീഗ് കൂടിയാണ്. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ 113 മത്സരങ്ങളാണ് നടക്കുക.
ഗ്രൂപ്പ് എ മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്. കോര്‍പ്പറേറ്റ് വിഭാഗത്തില്‍ നിന്നും ഇക്കുറി എട്ട് ടീമുകളാണുളളത്. സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടീമും മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്.
Also read: Wasim Jaffer: കോലിയെ സ്റ്റാർക്കുമായി താരതമ്യം ചെയ്‌ത ഓസീസ് ചാനൽ; ചുട്ട മറുപടിയുമായി വസീം ജാഫർ