എറണാകുളം : മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ തൊഴിലാളി യൂണിയനുകൾക്ക് വിലക്ക്. കമ്പനിയിലെ ട്രേഡ് യൂണിയനുകൾ പ്രതിഷേധത്തിൽ പങ്കുചേരുന്നത് ചോദ്യം ചെയ്ത് ബിപിസിഎൽ സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.
കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ, കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ, ജനറൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ, കൊച്ചിൻ റിഫൈനറീസ് ജനറൽ വർക്കേഴ്‌സ് കോൺഗ്രസ്, കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ എന്നീ സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നോട്ടിസ് നൽകിയിരുന്നത്.
ബിപിസിഎൽ ആവശ്യ സർവീസായതിനാൽ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് വിവിധ യൂണിറ്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നായിരുന്നു ചീഫ് ജനറൽ മാനേജർ ഇൻചാർജ് കുര്യൻ പി ആലപ്പാട്ട് തന്‍റെ ഹർജിയിലൂടെ പറഞ്ഞിരുന്നത്. വാദം കേട്ട കോടതി ഹർജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച് വിലക്കുകയായിരുന്നു.
ALSO READ: പൊതുപണിമുടക്ക് : സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നുപ്രവര്‍ത്തിക്കും
തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന കേന്ദ്രസർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്തിരിക്കുന്നത്.