എറണാകുളം: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് വിചാരണ ഇത്രകാലം നീണ്ടുപോയതെന്ന് കോടതി ചോദിച്ചു. വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്‍റെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ചില പരാമർശങ്ങൾ നടത്തിയത്. ഹർജി ഫയൽ ചെയ്‌തതിലെ സാങ്കേതിക പ്രശ്‌നങ്ങൾ തിരുത്താന്‍ ആവശ്യപ്പെട്ട കോടതി കേസ് അടുത്ത ദിവസം പരിഗണിക്കാനായി മാറ്റി. കേസില്‍ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
വിചാരണ കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്‌ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശ പൗരനെ പിടികൂടിയിരുന്നു. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന മന്ത്രി ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.