എറണാകുളം : നാടിന് ആവേശമായി കീരംപാറയിലെ ഞാറ് നടീൽ ഉത്സവം. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ജീവനി ഫാർമേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് മഞ്ഞയിൽ പാടശേഖരത്ത് ഞാറ് നടീൽ സംഘടിപ്പിച്ചത്. കീരംപാറ കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു ചടങ്ങ്.
പൊതു സമൂഹത്തെ ജൈവ നെൽകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് പരിപാടിയെന്ന് ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനി പറഞ്ഞു. നടീലും കൊയ്ത്തുമെല്ലാം പൂർണമായും ആധുനിക യന്ത്രസഹായത്തോടെയാണ് നടത്തുന്നത്.
Also Read : ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി ; 12 കോടി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്
കൃഷിക്ക് എല്ലാ തരത്തിലുള്ള സഹായവും നല്‍കുമെന്ന് കീരംപാറ കൃഷി ഓഫിസർ ബോസ് മത്തായി പറഞ്ഞു. പരിപാടി ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റാണി കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. കീരംപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി.