എറണാകുളം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച കൊച്ചി ഓഫിസിൽ എത്തണമെന്നാണ് നിര്‍ദേശം.
പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്തായ ആകാശിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ബുധനാഴ്ച ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ചെയ്തു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശിന്റെ വഞ്ഞേരിയിലെ വീട്ടിലായിരുന്നു റെയ്ഡ്. സ്വർണക്കടത്ത് കേസിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചിരുന്നു.
Also Read: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന പൂർത്തിയായി
ബുധനാഴ്ച ടി.പി വധക്കേസ് പ്രതി ഷാഫിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഇതിന് ശേഷമായിരിക്കും ആകാശിനെ പ്രതി ചേർക്കണോയെന്ന് തീരുമാനിക്കുക.
അതേസമയം അർജുൻ ആയങ്കിക്ക് മൊബൈൽ സിം കാർഡ് എടുത്ത് നൽകിയ പാനൂർ സ്വദേശി അജ്മലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന്(ജൂലൈ 14) കൊച്ചിയിലെ എ.സി.ജെ.എം കോടതിയിൽ ഹാജരാക്കും.