തിരുവനന്തപുരം: കോടതി വിധിക്ക് പിന്നാലെ ജോസ് കെ. മാണിയുടെ വാദങ്ങള്‍ തള്ളി പി.ജെ. ജോസഫ്. ജോസ് കെ. മാണി നീങ്ങുന്നത് തെറ്റില്‍ നിന്ന് തെറ്റിലേക്കെന്നും പി ജെ ജോസഫ് പറഞ്ഞു.
ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതാണ് ജോസ് കെ. മാണിയുടെ നിലപാട്. കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണിക്ക് ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ല. തെറ്റു തിരുത്തി തിരിച്ച് വന്നാല്‍ സ്വീകരിക്കും. ഭരണ ഘടന അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാകണം. ജോസ് പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ഇന്നത്തേക്ക് മാറ്റിയത്. വൈകിട്ട് നാലിന് യോഗം ചേരും. റോഷി അഗസ്റ്റിനും ജയരാജും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി ചെയര്‍മാനോ വര്‍ക്കിങ് ചെയര്‍മാനോ മാത്രമാണ് യോഗം വിളിക്കാന്‍ അധികാരമെന്നും പി ജെ ജോസഫ് പറഞ്ഞു.