എറണാകുളം: കോഴിപ്പിള്ളി പുഴയിൽ നൂറിലേറെ വിശ്വാസികളെ അണിചേർത്ത് ജലസമർപ്പണ സമരം നടത്തി. മാർതോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനും സത്യവിശ്വാസ സംരക്ഷണത്തിനും വേണ്ടിയുള്ള വേറിട്ട ശൈലിയിലുള്ള സമരമുറയാണ് ജലസമര്‍പ്പണ സമരം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിശ്വാസി സമൂഹം കോഴിപ്പിള്ളി പുഴയിലെ ജല സമർപ്പണ സമരത്തിൽ പങ്കെടുത്തു.
5000 വർഷം മുൻപ് പൂർവ പിതാവ് മോശയുടെ നേതൃത്വത്തിൽ ഇസ്രയേൽ ജനത ചെങ്കടൽ കടന്നതായും 335 വർഷം മുൻപ് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ കോഴിപ്പിള്ളി പുഴയിലൂടെ കാൽനടയായി മറുകരയെത്തി മാർതോമ ചെറിയ പള്ളിയിൽ എത്തിയതായുമാണ് ഐതിഹ്യം. ഇതിന്‍റെ ഓർമകൾ അനുസ്മരിച്ചുകൊണ്ട് വിശ്വവിഖ്യാതമായ 'നർമ്മദാ ബച്ചാവോ ആന്തോളൻ' സമരരീതി അനുകരിച്ചാണ് ജലസമർപ്പണ സമരം സംഘടിപ്പിച്ചത്.
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം നിലകൊള്ളുന്ന മാർതോമാ ചെറിയപള്ളി വേദവിപരീതികൾക്ക് വിട്ടുകൊടുക്കുകയില്ലെന്നുള്ള സത്യവാചകം വിശ്വാസികള്‍ ഏറ്റുചൊല്ലി. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവാ ചക്കാലകുടിയിൽ എത്തിയപ്പോൾ കോഴിപ്പിള്ളി പുഴയുടെ മറുകര കടക്കാൻ സഹായിക്കുകയും ബാവ ചെറിയപള്ളിയിലെത്തുന്നതിനുവേണ്ടി വഴികാട്ടിയാകുകയും ചെയ്ത നായർ യുവാവിന്‍റെ പിൻതലമുറയിൽപ്പെട്ട പുതീയ്ക്കൽ പി.എസ്.സുരേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജലസമർപ്പണസമരം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു.