എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സി.ബി.ഐയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി ജാമ്യം.
ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർ.ബി ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത്, എസ്.വിജയൻ, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്‍റലിജൻസ് ഓഫിസർ പി.എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിശദമായി വാദം കേട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്നത് ഉൾപ്പടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യപേക്ഷയെ എതിർത്ത് സി.ബി.ഐ
ഐ.എസ്.ആർ.ഒ കേസ് രാജ്യത്തിനെതിരായ ഗൂഢാലോചനയെന്നായിരുന്നു എന്നാണ് ജാമ്യപേക്ഷയെ എതിർത്ത് സി.ബി.ഐ ഹൈക്കോടതിയിൽ വാദിച്ചത്. പ്രതികൾക്ക് വിദേശ സഹായം കിട്ടിയോയെന്ന് പരിശോധിക്കണം. ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ മുന്നേറ്റം തടയുന്നതിന് ശാസ്ത്രജ്ഞർക്കെതിരായ കേസ് കാരണമായി. ഇത് രാജ്യത്തിന്‍റെ ശാസ്ത്ര സാങ്കേതിക മേഖല രണ്ട് പതിറ്റാണ്ട് പിന്നോട്ടടിപ്പിച്ചുവെന്നും സി.ബി.ഐ ആരോപിച്ചിരുന്നു. പാകിസ്ഥാൻ ചാര സംഘടനയ്ക്ക് ചാരക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം ഇതിനനുസരിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു കോടതി ചോദിച്ചത്. എന്നാൽ പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിക്കാനുണ്ടന്നും, അന്വേഷണം തുടരുകയാണെന്നുമാണ് സി.ബി.ഐ കോടതിയെ അറിയിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതരെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ALSO READ: ഐഎസ്ആർഒ ചാരക്കേസിൽ ഉൾപ്പെട്ട മാലിദ്വീപ് വനിതകൾ ഒറ്റുകാരല്ലെന്ന് ഹൈക്കോടതി
എന്നാൽ സി.ബി.ഐയുടെ വാദങ്ങളെ പ്രതിഭാഗം എതിർക്കുകയും സി.ബി.ഐ കഥ മെനയുകയാണന്നും ആരോപിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 1994 ലെ ഐ.എസ്.ആർ.ഒ ചാരക്കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതു പ്രകാരമാണ് സി.ബി.ഐ കേസേറ്റെടുത്തത്.