.
എറണാകുളം: സംസ്ഥാനത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന. കോഴിക്കോട്ടും എറണാകുളത്തും ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു. വിവിധ ചെക്ക് പോസ്റ്റുകളിലും പരിശോധന നടന്നു. നിരവധി ബസുകളിൽ ക്രമക്കേട് കണ്ടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. എറണാകുളത്ത് എട്ടു ബസുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സി'ന്‍റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. പെർമിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും, ലൈസൻസില്ലാതെ നടത്തുന്ന ട്രാവൽ ഏജൻസികള്‍ക്കെതിരെയും നടപടിയും എടുത്തതായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവർ യോഗത്തില്‍ പങ്കെടുത്തു. നികുതിവെട്ടിച്ചുള്ള ചരക്ക് കടത്ത്, പെർമിറ്റ് ചട്ടലംഘനം, അമിത വേഗത എന്നിവയില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചർച്ചയായി. സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.
കോഴിക്കോട് പാളയം എംഎം അലി റോഡിലെ ദീർഘദൂര സ്വകാര്യ ബസുകളുടെ ഓഫീസിസിൽ ആർ ടി ഒ എൻഫോഴ്സ്മെന്‍റ് ഇന്നലെ രാത്രിയോടെ പരിശോധന നടത്തിയിരുന്നു. സർവീസ് നടത്തുന്ന ബസുകളുടെ എല്ലാ രേഖകളും ഏഴ് ദിവസത്തിനുള്ളിൽ ആർടിഒയുടെ ഓഫീസിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. അതേസമയം, യാത്രക്കാരെ മർദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരായേക്കും.