കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ കരാറുകാർക്ക് മുൻകൂട്ടി പണം നൽകുന്നതിന് ആധാരമായ രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടമായതായി സംശയം. വിവിധ വകുപ്പുകളിൽ നിന്ന് നൽകിയ ഈ രേഖകൾ അടിസ്ഥാനമാക്കിയാണ് എട്ടേകാൽ കോടിരൂപ നിർമാണ കമ്പനിക്ക് മുൻകൂട്ടി നൽകാൻ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത്. ഈ നോട്ട് ഫയൽ ആവശ്യപ്പെട്ട് വിജിലൻസ് സംഘം പൊതുമരാമത്ത് വകുപ്പിന് കത്തു നൽകി.
ഇതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.ഒ സൂരജിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി. അന്വേഷണം പുരോഗമിക്കുകയാണെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും സർക്കാർ കോടതിയെ അറിയിച്ചു. പുതിയ വാദങ്ങളുമായാണ് ടി.ഒ. സൂരജ് രണ്ടാംതവണയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി ഇത് വരെ സഹകരിച്ചിട്ടുണ്ട്. തുടർന്നും അന്വേഷണവുമായി സഹകരിക്കും. പാലം പൊളിക്കുന്നത് ഹൈക്കോടതി തന്നെ തടഞ്ഞിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്താൻ സർക്കാറിന് നിർദേശം നൽകിയിരിക്കുകയാണെന്നും ടി.ഒ സൂരജ് ഹർജിയിൽ ചൂണ്ടി കാണിച്ചു. എന്നാൽ ഹർജിക്കാരന്‍റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഈ കേസിൽ ബാധകമാവുന്ന വാദങ്ങളല്ല ടി.ഒ സൂരജ് ഉന്നയിച്ചതെന്നും കോടതി ചൂണ്ടികാണിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം ഇരുപത്തി രണ്ടാം തിയതിയിലേക്ക് മാറ്റി.
കേസിൽ പ്രതിയായ കിറ്റ്‌കോയുടെ മുൻ ജനറൽ മാനേജർ ബെന്നി പോളിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജാമ്യാപേക്ഷയുമായി ടി.ഒ. സൂരജ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.