എറണാകുളം: ഡോക്‌ടര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമരത്തിലേക്ക്. ആരോഗ്യ മേഖലയെ സുരക്ഷിത മേഖലയാക്കി മാറ്റുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോക്‌ടര്‍ സാമുവല്‍ കോശി ആരോപിച്ചു.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലും നാളെ മുതല്‍ മലപ്പുറം ജില്ലയിലും ബുധാനാഴ്‌ചയോടെ സംസ്ഥാന വ്യാപകമായും പണിമുടക്ക് സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി.
ആരോഗ്യ മേഖലയെ സുരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. മറ്റ് തൊഴില്‍ മേഖലയിലെ ജീവനക്കാര്‍ ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്നില്ല. പൊലീസ് സംവിധാനം നിഷ്‌ക്രിയമാണ്. പലപ്പോഴും ഐഎംഎയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌താല്‍പോലും തുടര്‍ നടപടി ഉണ്ടാകുന്നില്ല.
മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരോട് നിരന്തരം പരാതിപ്പെട്ടിട്ടും നാള്‍ക്കുനാള്‍ ആശുപത്രികളും ഡോക്‌ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരും ആക്രമണത്തിന് ഇരയാകുന്നു. തുടര്‍ച്ചയായി ഡോക്‌ടര്‍മാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. പരാതി കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ ശക്തമായ സമരം ഐഎംഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.
Also read: ബോംബെറിഞ്ഞത് കൊല്ലപ്പെട്ടയാളുടെ സംഘാംഗം ; ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കള്‍ പിടിയില്‍