എറണാകുളം: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ആലുവയില്‍ പെരിയാറിന്‍റെ തീരത്തെ ഇരുനില വീട് അപകടാവസ്ഥയിൽ. മണ്ണിടിച്ചലിൽ വീടിന് സമീപമുണ്ടായിരുന്ന മതിൽ പൂർണമായും പുഴയിലേക്ക് പതിച്ചു. ഈ ഭാഗത്തുണ്ടായിരുന്ന തെങ്ങ് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളും പുഴയിലേക്ക് കടപുഴകി വീണു.
ഒരു മീറ്ററിൽ താഴെ ദൂരം മാത്രമാണ് വീടിന്‍റെ അടിത്തറയിൽ നിന്ന് മണ്ണിടിഞ്ഞ ഭാഗത്തേക്കുള്ളത്. മണ്ണിടിച്ചൽ തുടർന്നാൽ ഈ വീട് പൂർണമായും പുഴയിലേക്ക് പതിക്കാനാണ് സാധ്യത.
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കുടുംബമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
റവന്യു ഉദ്യോഗസ്ഥരുടെ നിർദേശനുസരണം ഇവര്‍ ഞായറാഴ്‌ച വീട്ടിൽ നിന്ന് താമസം മാറിയിരുന്നു. മണ്ണിനടിയിലൂടെ പുഴയിലേക്കുള്ള ഉറവ മൂലമാണ് മണ്ണിടിയാൻ കാരണമെന്നാണ് നിഗമനം.
Also read: തോണി കുത്തൊഴുക്കില്‍ പെട്ടു, മൂന്ന് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി; ദൃശ്യങ്ങൾ