എറണാകുളം : മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവത നൽകിയ അപ്പീലിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്. ഹർജിയിൽ വിശദീകരണം നൽകാനും സിംഗിൾ ബഞ്ച് നിർദേശിച്ചു. പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിന് വിരുദ്ധമായാണ് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കീഴ്‌ക്കോടതി ഉത്തരവെന്നാണ് ഹർജിക്കാരിയുടെ വാദം.
ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞുതന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത്. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരാമർശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. മാനസിക സമ്മർദം നേരിടുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് അതിജീവിതയുടെ വിശദീകരണം.
സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.തിങ്കളാഴ്‌ച ഹർജി കോടതി വീണ്ടും പരിഗണിക്കും.
മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹർജി നൽകി സർക്കാർ: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കോഴിക്കോട് ജില്ല സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് സർക്കാർ ഹർജി നൽകിയത്. കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നിയമവിരുദ്ധമാണ്. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും, സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു.
ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു സെഷൻസ് കോടതിയുടെ നിരീക്ഷണം. വസ്‌തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ലൈംഗിക പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഈ രണ്ട് കേസുകളിലും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ നേരത്തെ വിവാദമായിരുന്നു.
കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ : യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് ജില്ല സെഷൻസ് കോടതിയുടെ നിരീക്ഷണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധി പകർപ്പിലാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിചിത്ര വിധി പ്രസ്‌താവിച്ചത്. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് പരാമർശമുള്ളത്.