എറണാകുളം: പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണം. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നല്‍കി. നിലവിലെ അന്വേഷണ സംഘത്തിലുള്ളവരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുത്. നിലവില്‍ അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി ശ്രീജിത്തിനെ മാറ്റണമെന്നും കോടതി പറഞ്ഞു.
പുതിയ അന്വേഷണ സംഘം വേണമെന്ന നിർദേശം അംഗീകരിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരയ്ക്ക് ഒപ്പമാണെന്നും ഏത് ഉദ്യോഗസ്ഥന്‍റെ കീഴിൽ അന്വേഷണം നടത്തുന്നതിലും എതിർപ്പില്ലെന്നും സർക്കാർ വ്യക്തമാക്കി. ബി.ജെ.പി പ്രാദേശിക നേതാവ് കുനിയിൽ പത്മരാജൻ പ്രതിയായ കേസിൽ അന്വേഷണം സംഘത്തെമാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിചാരണ കോടതി നൽകിയ പ്രതിയുടെ ജാമ്യം റദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരായി, പെൺകുട്ടിക്കെതിരെ പരാമർശങ്ങളുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത് വിവാദമായിരുന്നു.