എറണാകുളം : ഗൂഢാലോചന കേസ് അടക്കം പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടെണ്ണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബഞ്ച് സ്വപ്‌നയുടെ ഹർജികള്‍ തള്ളിയത്. അന്വേഷണവുമായി മുന്നോട്ടുപോവാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് എഫ്ഐആറുകൾ റദ്ദാക്കുന്നത്. സ്വപ്‌നയുടെ കേസുകൾ അത്തരം വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും അന്വേഷണത്തിൽ ഇടപെടാൻ തക്ക യുക്തിസഹമായ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ചിലയാളുകൾക്കിടയിൽ സ്വപ്‌നയുടെ വാക്കുകൾ പ്രകോപനമുണ്ടാക്കിയെന്നും അതിനാൽ സെക്‌ഷൻ 153 നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
കൂടാതെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ മാത്രമാണ് കേസിനാധാരമെന്ന സ്വപ്‌നയുടെ വാദം അംഗീകരിക്കാനാകില്ല. തുടർച്ചയായി മാധ്യമങ്ങളിൽ അഭിമുഖവും, വെളിപ്പെടുത്തലുകളും സ്വപ്‌ന നടത്തിയിരുന്നു. ഒറ്റ സംഭവത്തിന്‍റെ അടിസ്ഥാനത്തിലല്ല കേസെടുത്തതെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
പാലക്കാടും തിരുവനന്തപുരത്തും ഉള്ള രണ്ട് കേസുകളുടെയും എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജികളിലാണ് ഇന്ന് വിധി പറഞ്ഞത്. കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്വപ്‌നയ്‌ക്ക് എതിരെ ഗൂഢാലോചന കേസ് എടുത്തത്. തൊട്ടുപിന്നാലെ അഡ്വ. സി.പി പ്രമോദിന്‍റെ പരാതിയില്‍ പാലക്കാട് കസബ പൊലീസ് കലാപാഹ്വാന കേസും സ്വപ്‌നക്കെതിരെ രജിസ്റ്റർ ചെയ്‌തിരുന്നു.
എന്നാൽ പൊലീസും ജലീലും കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിൽ പങ്കാളികളായവരിൽ നിന്നുൾപ്പടെ തെളിവുകൾ ശേഖരിച്ചുവെന്നും സർക്കാരും വാദിച്ചിരുന്നു.
ഹർജിയിൽ നേരത്തെ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലവും സ്വപ്‌ന സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഉള്ള ആരോപണങ്ങളായിരുന്നു സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്.