കൊച്ചി: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കാന്‍ അഭിഭാഷകന്‍ എത്തിയിരുന്നെങ്കിലും കോടതി നിലപാട് ചോദിച്ചില്ല. തൃശൂര്‍ പൂരത്തിന് വിളംബരം നല്‍കി തെക്കേ ഗോപുര നട തള്ളിത്തുറക്കാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം വിഷയത്തില്‍ സർക്കാർ ഇടപെടുമെന്നും എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ട് തീരുമാനം എടുക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. ജനങ്ങളുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് തന്നെയാണ് കോടതിയുടേതെന്നും രാഷ്ട്രീയപരമായി വിഷയത്തെ സമീപിക്കാതിരുന്നാല്‍ മറ്റു പ്രശ്നങ്ങളില്ലെന്നും വനം മന്ത്രി കെ രാജു വ്യക്തമാക്കി. പൂരത്തിന് തലേദിവസം നടക്കുന്ന ചടങ്ങിന് ആനയെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും പൂരം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ പൂരത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളും ഫലം കണ്ടിരുന്നില്ല.