കൊച്ചി: വിവാദ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനവുമായി എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിന്‍റ ഈഡന്‍. തന്‍റെ പോസ്റ്റിനെ സംബന്ധിച്ച് ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഏറെ വിഷമമുണ്ടെന്നും അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ ‘വിധിയെന്നത് ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കണ’മെന്നുമുള്ള പോസ്റ്റ് പിന്‍വലിച്ചു.
- " class="align-text-top noRightClick twitterSection" data="">
പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് വിവാദമായ പരാമർശം. കനത്ത മഴയിൽ തിങ്കളാഴ്ച ഹൈബി ഈഡന്‍റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതാണ് പോസ്റ്റ്.
പോസ്റ്റ് ഇട്ടതിന് പിന്നാലെ അന്ന ലിന്‍റയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന നിയമവിരുദ്ധ പരാമർശം നടത്തിയെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അന്ന ലിന്‍റയുടെ ഖേദപ്രകടനം. "അമിതാഭ് ബച്ചൻ മുന്‍പ് നടത്തിയ ഒരു പരാമര്‍ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്.ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല" അന്ന ലിന്‍റ ഫേസ്‌ബുക്കില്‍ കുറിച്ചു.