എറണാകുളം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് റമീസിന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കെച്ചിയിലെ എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ സ്വർണക്കടത്തിൽ എന്‍.ഐ.എ കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍ ജയിലിൽ നിന്ന് റമീസിന് പുറത്തിറങ്ങാനാവില്ല. കേസില്‍ രണ്ടാംപ്രതിയാണ് റമീസ്. കുറ്റപത്രം സമര്‍പ്പിക്കേണ്ട കാലാവധി കഴിഞ്ഞതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറുപത് ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കർശന ഉപാധികളോടെയാണ് കോടതി റമീസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
'രണ്ട് ലക്ഷം രൂപ, രണ്ട് ആള്‍ ജാമ്യം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം' എന്നിവയാണ് ജാമ്യോപാധികള്‍. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയാണെന്നും പുറത്തിറങ്ങിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് പല തവണ കോടതിയെ അറിയിച്ച പ്രതിക്കാണ് വിചാരണ കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതാണ് കസ്റ്റംസിന് തിരിച്ചടിയായത്.