എറണാകുളം: ചലച്ചിത്ര മേഖലയിൽ സജീവമാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് അഭിനയിച്ച ആദ്യ തമിഴ് ചിത്രം 'കാതുവാക്കുലെ രണ്ടു കാതല്‍' ഏപ്രില്‍ 28ന് പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് താരം സണ്ണി ലിയോണിക്കൊപ്പം 'ഐറ്റം നമ്പർ വണ്‍' എന്ന ചിത്രത്തിലും ശ്രീശാന്ത് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇതേ സിനിമയിൽ ഒരു ഗാനവും ശ്രീശാന്ത് ആലപിക്കുന്നുണ്ട്. ഗാനത്തിന്‍റെ റെക്കോഡിങ് കൊച്ചിയിൽ നടന്നു. സ്വന്തം നാട്ടിൽ തന്നെ തന്‍റെ ആദ്യത്തെ പാട്ട് റെക്കോഡ് ചെയ്യാൻ സാധിച്ചത് ഭാഗ്യമാണെന്ന് ശ്രീശാന്ത് പറഞ്ഞു.
മറ്റ് റെക്കോർഡിങ്ങുകൾ മുംബൈയിലായിരുന്നു. യുപിയിലും നേപ്പാളിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ഡാൻസ് ഓറിയന്‍റഡ് എന്‍റർടെയിനർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് തന്‍റെതെന്നും ശ്രീശാന്ത് പറഞ്ഞു.
ഇത് നല്ല ഒരു അവസരമായാണ് കാണുന്നത്. രണ്ട്, മൂന്ന് സിനിമകളിൽ കൂടി അവസരം ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് കന്നഡ സിനിമകളിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം. നേരത്തേ വന്ന ഒരു സിനിമയില്‍ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല. ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റി യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്‌തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റിൽ കേരള രഞ്ജി ടീമിൽ തിരികെയെത്തിയ ശ്രീശാന്ത് കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. ഐപിഎൽ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട വിലക്കുകൾക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകാതെയാണ് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്‍റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. രണ്ട് തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും ഫൈനലില്‍ കളിച്ചെന്ന അപൂര്‍വ ബഹുമതിയും ശ്രീശാന്തിനുണ്ട്.
Also read: ത്രികോണ പ്രണയം ; റിലീസിനൊരുങ്ങി 'കാതുവാക്കുലെ രണ്ടു കാതല്‍'