എറണാകുളം: കോൺഗ്രസ് ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു ജോര്‍ജിൻ്റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ അഞ്ച് പേർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഉപാധികളോടെ ജാമ്യം
അഞ്ച് പേരും 37,500 രൂപ കെട്ടിവെയ്ക്കണം, 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം എന്ന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ജോജുവിന്‍റെ വാഹനത്തിന്‍റെ വിലയുടെ അമ്പത് ശതമാനം കെട്ടിവെച്ച് മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
എന്നാൽ പൊലീസ് കണക്കാക്കിയ നഷ്‌ടത്തിന്‍റെ അമ്പത് ശതമാനം മാത്രം കെട്ടിവെക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. ജെഎഫ്‌സിഎം കോടതി ഇത് അംഗീകരിച്ചാണ് ജാമ്യ വ്യവസ്ഥ നിശ്ചയിച്ചത്.
കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ചതെന്ന വാദം പൊളിഞ്ഞെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം ഇല്ല. സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിൻ്റെ റിപ്പോർട്ടെന്നും പ്രതിഭാഗം കോടതിയിൽ ചുണ്ടികാണിച്ചിരുന്നു.
ജോസഫിന്‍റെ ജാമ്യപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും
മുൻ മേയർ ടോണി ചമ്മണിക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജർജസ്, കോൺഗ്രസ് പ്രവർത്തകരായ ജോസഫ് മാളിയേക്കൽ, ഷെരീഫ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം, ജോജുവിന്‍റെ വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത ഐഎൻടിയുസി പ്രവർത്തകനായ രണ്ടാം പ്രതി ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേയ്ക്ക് മാറ്റി.
Read more: ജോജുവിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു