എറണാകുളം: മഞ്ഞപ്ര സെന്‍റ് ഫിലോമിന ആശുപത്രിയില്‍ ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടറെ പിടികൂടി. കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയ് രാജ് (33) ആണ് പിടിയിലായത്. മൂന്ന് മാസത്തോളമാണ് ഇയാള്‍ സെന്‍റ് ഫിലോമിന ആശുപത്രിയില്‍ ചികിത്സ നടത്തിയത്. ആയുര്‍വേദത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ അജയ് രാജ് അലോപ്പതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ നല്‍കുന്ന ചികിത്സയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
ആലുവ കോമ്പാറ മരിയ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന സംഗീത ബാലകൃഷ്ണന്‍ എന്ന വ്യാജ ഡോക്ടറും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. രണ്ട് മാസത്തോളമാണ് ഇവര്‍ ക്ലിനിക്കില്‍ ചികിത്സ നടത്തിയത്. അജയ് രാജിന്‍റെയും സംഗീത ബാലകൃഷ്ണന്‍റെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെയാണ് നിര്‍മിച്ചിട്ടുള്ളത്. ഇവര്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി എസ്‌പി കെ. കാര്‍ത്തിക് അറിയിച്ചു.