എറണാകുളം: കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ് ഇന്ന് കോടതിയെ സമീപിക്കും. അഞ്ചംഗ സംഘത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ റിമാന്‍ഡ് ചെയ്‌തിരുന്നു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും വിശദമായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് എക്സൈസിന്‍റെ ആവശ്യം.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്. മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിൽ പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്‌മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതം യാത്ര ചെയ്യുന്നവരെന്ന വ്യാജേനെയാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. സ്ത്രീകളും വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളുമായി കാറിൽ യാത്ര ചെയ്‌ത് ഇവർ ചെക്ക്പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചിരുന്നു.
പ്രതികൾ കൂടുതൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് കരുതുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള മയക്കുമരുന്നു കൂടി കണ്ടെത്താനാവുമെന്നാണ് എക്സൈസ് പ്രതീക്ഷിക്കുന്നത്.