കൊച്ചി: സംസ്ഥാനത്തെ കോളജുകളില്‍ സര്‍വകലാശാലകളോട് കിടപിടിക്കുന്ന ഗവേഷണ മികവാണ് എറണാകുളം മഹാരാജാസ് കോളജ് കൈവരിച്ചത്. അംഗീകൃത ഗവേഷണ കേന്ദ്രമെന്ന പദവി ലഭിച്ചതിന് ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ മഹാരാജാസിലെ 17 വകുപ്പുകളിലായി പൂര്‍ത്തീകരിച്ചത് 130 ഗവേഷണങ്ങളാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് ഗവേഷണത്തിനായി 90 വിദ്യാര്‍ഥികള്‍ കോളജില്‍ ചേര്‍ന്നു.
മഹാരാജാസ് കേന്ദ്രമായി 93 അധ്യാപകരാണ് ഗവേഷണ ഗൈഡുകളായിട്ടുള്ളത്. ഇതില്‍ 42 പേര്‍ മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളജുകളിലെ അധ്യാപകരാണ്. 139 വിദ്യാര്‍ഥികളാണ് നിലവില്‍ ഗവേഷണം തുടരുന്നത്. കോളജ് സ്ഥാപിച്ച് 125 വര്‍ഷമാകുന്ന 2025 നകം ഗവേഷണരംഗത്ത് സംസ്ഥാനത്തെ സുപ്രധാന കേന്ദ്രമാക്കി മഹാരാജാസിനെ ഉയര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ഗവേഷകരും വിദേശ സര്‍വകലാശാലകളുമായുള്ള വിനിമയപരിപാടിയും ഉടന്‍ ആരംഭിക്കും. അക്കാദമിക് കാര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്നും ലഭിച്ച അഞ്ചു കോടി രൂപയില്‍ നിന്ന് ഇതിനായി പണം നീക്കിവയ്ക്കും. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യവും മോഡുലര്‍ റിസര്‍ച്ച് ലാബും മഹാരാജാസിലുണ്ട്. മൂന്ന് നിലകളുള്ള ലൈബ്രറി കെട്ടിടം ഏപ്രിലില്‍ പൂര്‍ത്തിയാകും.