എറണാകുളം: സിവില്‍ സര്‍വീസ് മോഹവുമായി കൊച്ചി നെഹ്റു സ്റ്റേഡിയത്തിന് സമീപം ചായക്കട നടത്തുന്ന സംഗീതയ്ക്ക് സഹായവുമായി ജില്ല കലക്‌ടർ ജാഫർ മാലിക്ക്. സിവിൽ സർവീസ് പരിശീലനത്തിനായി കലക്‌ടർ പുസ്‌തകങ്ങൾ കൈമാറി.
ചായക്കടയിലൂടെ ഉപജീവനം
പഠനത്തിനും ഉപജീവനത്തിനുമായി കഴിഞ്ഞ ഏഴു മാസമായി സംഗീത കൊച്ചി നെഹ്റു സ്റ്റേഡിയത്തിന് സമീപം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ ചായക്കട നടത്തുന്നുണ്ട്. സിവിൽ സർവീസ് നേടുകയെന്നതാണ് എംകോം ഫലം കാത്തിരിക്കുന്ന സംഗീതയുടെ ലക്ഷ്യം. ഇതിനിടെയാണ് കലക്‌ടറുടെ സഹായമെത്തിയത്. കൊച്ചിയിലെ എഎൽഎസ് ഐഎഎസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നൽകിയത്.
അച്ഛൻ ചിന്ന മുത്തുവും അമ്മ സങ്കിലി അമ്മാളുവും സഹോദരനുമടങ്ങുന്ന കുടുംബം നാല് പതിറ്റാണ്ട് മുമ്പാണ്
തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും കൊച്ചിയിലെത്തിയത്. വസ്ത്രങ്ങൾ ഇസ്‌തിരിയിട്ട് നൽകുന്ന ജോലിയാണ് ചിന്ന മുത്തു ചെയ്‌തിരുന്നത്. എംകോം പഠനം പൂർത്തിയാക്കിയ സംഗീത അച്ഛനെ സഹായിക്കുന്നതിനാണ് ചായക്കട തുടങ്ങിയത്.
കലക്‌ടറുടെ പിന്തുണ
സിവിൽ സർവീസ് പരിശീലനം നേടുന്ന മറ്റ് കൂട്ടുകാരുടെ സഹായത്തോടെ ചെറിയ രീതിയിൽ പഠനം ആരംഭിച്ചിരുന്നു. മാധ്യമങ്ങളിലൂടെ സംഗീതയുടെ സിവില്‍ സര്‍വീസ് മോഹമറിഞ്ഞ എറണാകുളം കലക്‌ടര്‍ ജാഫർ മാലിക് ചായക്കടയിലെത്തി സംഗീതയെ നേരില്‍ കണ്ടു. അന്ന് എല്ലാ സഹായവും കലക്‌ടര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് ക്യാമ്പ് ഓഫിസിൽ വച്ച് സംഗീതയ്ക്ക് പഠന കിറ്റ് കൈമാറിയത്. ജനറൽ സ്റ്റഡീസിന് ആവശ്യമായ പുസ്‌തകങ്ങളാണ് നൽകിയത്. 2022ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് സംഗീത.
Read more: തട്ടുകട ഉപജീവനമാർഗം, സ്വപ്‌നം സിവിൽ സർവീസ് ; ലക്ഷ്യത്തിലേക്ക് ചുവടുകളുമായി സംഗീത