എറണാകുളം : സിറോ മലബാർ സഭയുടെ കുർബാന ഏകീകരണം തള്ളി എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികൾ. ആലുവ പ്രസന്നപുരം ഹോളി ഫാമിലി ചര്‍ച്ച് ഒഴികെ അതിരൂപതയിലെ എല്ലാ പളളികളിലും ജനാഭിമുഖ കുര്‍ബാന തന്നെ തുടര്‍ന്നു.
വത്തിക്കാനിലെത്തി മാർപ്പാപ്പയുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ തീരുമാനിച്ചതായി മെട്രോപൊളിറ്റൻ വികാരി ആന്‍റണി കരിയിൽ അറിയിച്ച സർക്കുലർ പള്ളികളിൽ വായിക്കുകയും ചെയ്‌തു.
അതിരൂപതയുടെ കീഴിലുളള ആലുവ പ്രസന്നപുരം ഹോളി ഫാമിലി പളളിയില്‍ ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പുതിയ ആരാധനാക്രമം അര്‍പ്പിച്ചു. പൊലീസിന്‍റെ സുരക്ഷാവലയത്തിലായിരുന്നു പ്രാര്‍ഥന. തൃശൂര്‍ അതിരൂപതയിലെ ലൂര്‍ദ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുതിയ കുര്‍ബാനയര്‍പ്പിച്ചു.
സിറോ മലബാര്‍ സഭയില്‍ ഏകീകരിച്ച കുര്‍ബാന
സിറോ മലബാര്‍ സഭയില്‍ മറ്റ് അതിരൂപതകളിൽ നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍ വന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കും എതിര്‍ ശബ്‌ദങ്ങള്‍ക്കുമൊടുവിലാണ് സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നിലവില്‍ വന്നത്. കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലായിരുന്നു കുര്‍ബാന.
കര്‍ദ്ദിനാളിന്‍റെ പുതിയ കുര്‍ബാന രീതി ഓണ്‍ലൈന്‍ വഴി സഭ വിശ്വാസികള്‍ക്ക് കാണാനുളള അവസരവും ഒരുക്കിയിരുന്നു. സഭയില്‍ പുതിയ യുഗം പിറക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. എതിര്‍ ശബ്‌ദങ്ങളെ ആരും ഭയക്കേണ്ടെന്നും പരിപൂര്‍ണ ഐക്യത്തിനായി കാത്തിരിക്കാമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശദീകരിച്ചു.
എന്താണ് പുതിയ ആരാധനാക്രമം?
പുരോഹിതന്‍ കുര്‍ബാനയുടെ ആദ്യ ഭാഗം വിശ്വാസികള്‍ക്ക് നേരെയും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തുന്നതാണ് പുതിയ ആരാധനാക്രമം. പുരോഹിതൻ ജനങ്ങൾക്ക് അഭിമുഖമായി കുർബാന നടത്തുന്നതാണ് ജനാഭിമുഖ കുർബാന രീതി. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരിക്കുന്നത്.
Also read: Uniform Mass controversy: ജനാഭിമുഖ കുർബാന വിവാദം തുറന്ന പോരിലേക്ക്