എറണാകുളം: ലോക്ക് ഡൗണും കൊവിഡും കൊണ്ടുപോയത് പലരുടെയും ഉപജീവന മാര്‍ഗം കൂടിയാണ്. അത്തരത്തില്‍ പ്രതിസന്ധി നേരിടുന്നതില്‍ ഒരാളാണ് തൃപ്പൂണിത്തുറ സ്വദേശിയും വഴിയോരക്കച്ചവടക്കാരനുമായ ഫ്രാന്‍സിസ്. അഞ്ച് പതിറ്റാണ്ട് മുമ്പ് എറണാകുളം മാർക്കറ്റിന്‍റെ പ്രതാപകാലത്താണ് ഫ്രാൻസിസ് മാർക്കറ്റിൽ പച്ചക്കറി വിപണനം ആരംഭിച്ചത്. പ്രധാനമായി അന്നും ഇന്നും പച്ചമാങ്ങയും, മാമ്പഴവുമായിരുന്നു സ്പെഷ്യല്‍. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന മാമ്പഴം പൂർണമായും ഒഴിവാക്കി നാടൻ മാമ്പഴമാണ് ഫ്രാൻസിസ് വില്‍പ്പനക്കെത്തിക്കുന്നത്. വിഷമയമായ മാമ്പഴം ഫ്രാന്‍സിസ് വില്‍ക്കില്ല. അടിയന്തരാവസ്ഥ കാലത്ത് അടക്കം ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് പ്രാഞ്ചിയേട്ടനെന്ന് ആളുകള്‍ വിളിക്കുന്ന ഫ്രാന്‍സിസ് കച്ചവടം നടത്തിവന്നത്.
പ്രാഞ്ചിയേട്ടന് പറയുന്നത് അടിയന്തരാവസ്ഥ കാലത്ത് അനുഭവപ്പെടാതിരുന്ന ബുദ്ധിമുട്ടുകളാണ് ഈ കഴിഞ്ഞ നാളുകള്‍ കൊണ്ട് കൊവിഡ് നല്‍കിയതെന്നാണ്. എറണാകുളം പച്ചക്കറി മാർക്കറ്റിലെത്തുന്നവരുടെ എണ്ണം തീരെ കുറഞ്ഞു. ഉള്ള സ്റ്റോക്ക് വിറ്റുതീർത്തശേഷം വീട്ടിലിരിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഫ്രാന്‍സിസ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പച്ചക്കറി വിപണനം മറൈൻ ഡ്രൈവിലേക്ക് മാറ്റുന്നതിനോടും പ്രാഞ്ചിയേട്ടന് യോജിപ്പില്ല. പഴയ കാലത്തെ പ്രതാപമില്ലെങ്കിലും സാധാരണ നിലയിലുള്ള കച്ചവടം നടക്കുന്ന സാഹചര്യം തിരികെ വരുമെന്ന പ്രതീക്ഷയാണ് ഈ വയോധികന്.