എറണാകുളം: ഇലഞ്ഞി കള്ളനോട്ട് കേസിലെ മുഖ്യ കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്നൈ സ്വദേശി ലക്ഷ്‌മിയെയാണ് (48) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് അടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. കുമളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇലഞ്ഞിയിലെ കള്ളനോട്ട് അടിക്കുന്ന സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് ലക്ഷ്‌മിയായിരുന്നു. നോട്ടടിക്കുന്നതിന് പ്രിന്‍ററും പേപ്പറും എത്തിച്ചതും കള്ളനോട്ടുകൾ ചെന്നൈയിലേക്ക് കടത്തിയതും ലക്ഷ്‌മിയാണ്. കള്ളനോട്ട് അടിക്കുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാന പ്രതിയിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തമിഴ്‌നാട്ടിലേക്ക് കള്ളനോട്ട് വിതരണം
2021 ജൂലൈ 27നാണ് ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കളളനോട്ട് അടിക്കുന്ന സംഘത്തെ പിടികൂടിയത്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയുടെ വ്യാജനോട്ട് ഇവിടെ അച്ചടിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. നേരത്തെ ഏഴ് പേര്‍ ഈ കേസിൽ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കള്ളനോട്ടുകൾ വിതരണം ചെയ്‌തതെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
പ്രതികളിൽ നിന്ന് കള്ളനോട്ട് വാങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എ.ടി.എസ് നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്. നോട്ട് എണ്ണുന്ന മെഷീൻ, പ്രിൻ്റർ, നോട്ട് അടിക്കുന്ന പേപ്പർ എന്നിവയും പിടിച്ചെടുത്തിരുന്നു. സീരിയൽ നിർമാണത്തിനെന്ന വ്യാജേന ഇലഞ്ഞിയിൽ പ്രതികൾ വീട് വാടകയ്ക്ക് എടുത്തായിരുന്നു കള്ളനോട്ട് അടിച്ചത്.
READ MORE: പണം മുടക്കിയത് രേണുകുമാര്‍ ; ഇലഞ്ഞി കള്ളനോട്ട് കേസിൽ ഒരാൾകൂടി പിടിയിൽ