കൊച്ചി: ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി ആലുവയിൽ പിടിയിൽ.
ഈരാറ്റുപേട്ട സ്വദേശി കുരുവി അഷ്റു എന്ന് വിളിക്കുന്ന സക്കീറിനെയാണ് (33) ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്.
നിശാപാർട്ടികൾക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സക്കീർ.
രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 95 എണ്ണം അൽപ്രാസോളം മയക്കു മരുന്ന് ഗുളികകൾ, 35 എണ്ണം നൈട്രോസെപാം മയക്കു മരുന്ന് ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് . അന്താരാഷ്ട്ര വിപണിയിൽ ഇതിന് രണ്ട് കോടിയിൽ അധികം രൂപ വിലമതിക്കും.
ഹിമാചൽ പ്രദേശിലെ കുളു - മണാലി എന്നിവിടങ്ങളിൽ നിന്ന് ഏജന്‍റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിക്കുന്നത്.