എറണാകുളം: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെന്‍റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാധനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം പ്രാദേശിക നേതാവായ ശിവൻ നൽകിയ പരാതിയിലാണ് പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവരാണ് പരാതി അന്വേഷിച്ചത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ, എം.സി. ജോസഫൈൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് നടപടി സ്വീകരിച്ചത്.
എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ വിജയരാഘവൻ തയ്യാറായില്ല. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനായിരുന്നു ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തത്. എന്നാൽ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ച് സംസ്ഥാന കമ്മിറ്റി നടപടി നിർദ്ദേശിക്കുകയായിരുന്നു. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണി പെടുത്തൽ, അനധികൃത സ്വത്ത് സമ്പാധനം, പ്രാദേശിക നേതാവ് സിയാദിന്‍റെ ആത്മഹത്യയുൾപ്പടെ നിരവധി ആരോപണങ്ങളാണ് സക്കീർ ഹുസൈനെതിരെ അടുത്തകാലത്തായി ഉയർന്നു വന്നത്.