എറണാകുളം: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കെത്തിയ പ്രത്യേക ട്രെയിനിൽ ജില്ലയിലെത്തിയ ആർക്കും കൊവിഡ് ലക്ഷണങ്ങളില്ല. 237 പുരുഷൻമാരും 174 സ്‌ത്രീകളുമടക്കം 411 പേരാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിൽ 106 യാത്രക്കാരാണ് എറണാകുളം ജില്ലയിൽ നിന്നുള്ളവർ. യാത്രക്കാരിൽ ഒരാളെ നെഞ്ചു വേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ- 45, ഇടുക്കി- 20, കോട്ടയം- 75, പത്തനംതിട്ട- 46, തൃശൂർ- 91, മലപ്പുറം -2 ,പാലക്കാട് 12, കണ്ണൂർ -1വയനാട് -3, കൊല്ലം -19 എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള എണ്ണം.
മധ്യ കേരളത്തിൽ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനിൽ കൂടുതലായി ഇറങ്ങിയത്. യാത്രക്കാരെ അതാത് ജില്ലകളിലേക്കെത്തിക്കാനായി പത്ത് ബസുകൾ തയ്യാറാക്കിയിരുന്നു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള യാത്രക്കാരെയാണ് ബസുകളിലെത്തിച്ചത്. സ്റ്റേഷനിൽ വന്നിറങ്ങിയ എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമാണ് സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിച്ചത്. രോഗലക്ഷണമുള്ളവരെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിരുന്നു. എന്നാൽ ആർക്കും രോഗലക്ഷണങ്ങില്ലാത്തത് ആശ്വാസമായി. ജില്ലയിലെ ആരോഗ്യ പ്രവർത്തകരും, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.