എറണാകുളം: നടി സജിത മഠത്തിലിനെ സമൂഹ മധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മിഷന്‍റെ നിർദേശം. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിനുമാണ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മിഷന് ഈ വിഷയത്തിൽ ഇടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പരാതി പൊലീസിന് കൈമാറിയത്.
തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും സജിതാ മഠത്തില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതും, അശ്ലീല ചുവയുള്ളതുമായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സജിത മഠത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലത്ത് താന്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും സജിത പരാതിയില്‍ പറയുന്നു.
മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ശുഹൈബിന്റെ അമ്മയുടെ സഹോദരിയാണ് സജിത. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സജിത സൈബർ ആക്രമണത്തിനിരയായത്.