എറണാകുളം: അർജുൻ ആയങ്കി കൊടും ക്രിമിനലായി വളർന്നു വരുന്ന കുറ്റവാളിയെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധത്തിന് തെളിവായ മൊഴികൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി
അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എസിജെഎം കോടതിയിൽ കസ്റ്റംസ് ശക്തമായി എതിർത്തു.
അര്‍ജുനെതിരെ ഭാര്യയുടെ മൊഴി
2020 മുതൽ അർജുൻ സ്വർണക്കടത്തിൽ പങ്കാളിയാണ്. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴി കടത്തിയ സ്വർണം തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലും അർജുൻ പ്രവർത്തിച്ചിട്ടുണ്ട്. അർജുനെതിരെ ഭാര്യ അമല ഉൾപ്പടെയുള്ളവർ മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. അർജ്ജുൻ്റെ കള്ളക്കടത്ത് ഇടപാടുകൾ അറിഞ്ഞെന്നും, പിന്മാറാൻ ആവശ്യപ്പെട്ടെന്നുമാണ് അമല വ്യക്തമാക്കിയത്.
അർജുൻ ആയങ്കിക്ക് ക്വട്ടേഷൻ ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സജേഷിൻ്റെയും, കേസിൽ അറസ്റ്റിലായ അജ്മലിൻ്റെയും മൊഴി ലഭിച്ചിട്ടുണ്ട്. ഷഫീഖ്, അജ്മൽ, അമല, സജേഷ് , ഷാഫി എന്നിവരുടെ മൊഴിയിൽ നിന്നും പ്രഥമ ദൃഷ്ട്യാ അർജുന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നത് വ്യക്തമാണ്. ഈ മൊഴികൾ മുദ്രവെച്ച കവറില്‍ കോടതിയിൽ സമർപ്പിക്കാമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ്
ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം ഷഫീഖ് വെളിപ്പെടുത്തിയ മറ്റു പ്രതികൾക്കെതിരെ നോട്ടീസ് പോലും കസ്റ്റംസ് അയച്ചിട്ടില്ലന്ന് പ്രതിഭാഗം വാദിച്ചു. ഈ കേസിൽ കസ്റ്റംസിന് ഇരട്ട നീതിയെന്നും ആരോപിച്ചു.
ടി.പി കേസ് പ്രതി ഷാഫിയുടെ കൂടെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു അർജുനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് (ജൂലൈ 19) ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിൽ ഷാഫിയുടെ മൊഴിയെടുത്തതിനെ കുറിച്ച് കസ്റ്റംസ് ഒന്നും പറയുന്നില്ലന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി കേസ് 23ന് വിധി പറയാൻ മാറ്റി.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു