എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നു. സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ അന്വേഷണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹർജിക്കാരൻ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ജീവനക്കാരനാണ്. തിരിമറി നടത്തിയതിന് ഹർജിക്കാരനെതിരെ കേസുണ്ട്. പ്രതികൾ അനധികൃതമായി വായ്‌പ എടുത്തതായും അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കോടതിയുടെ മുൻ നിരീക്ഷണങ്ങൾ
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് സർക്കാരിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സിബിഐക്കും ഇ.ഡിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അന്വേഷണം നടത്തുന്നത്. എന്നാൽ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്ന സംഭവത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതി നിർദേശപ്രകാരമാണ് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.
READ MORE: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 16 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ