എറണാകുളം: തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. മതവികാരം ഇളക്കിവിട്ട് വോട്ട് തേടി, ആയിരത്തിലധികം പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സിപിഎം നിയമ നടപടിക്കൊരുങ്ങുന്നത്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മുന്‍പ് നടത്തിയ പ്രസംഗം കെ ബാബുവിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചിരുന്നു. ഈ ശബ്ദ ശകലത്തിന്‍റെ ആധികാരികത ഉള്‍പ്പടെ ചോദ്യം ചെയ്താണ് സിപിഎം നിയമനടപടിക്ക് തയ്യാറാകുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന എം സ്വരാജിനെതിരെ 922 വോട്ടിനാണ് മുന്‍ മന്ത്രി കൂടിയായ കെ ബാബു വിജയിച്ചത്. അതേ സമയം, 1072 പോസ്റ്റല്‍ വോട്ടുകളാണ് സാങ്കേതിക കാരണം പറഞ്ഞ് അസാധുവാക്കിയത്. എന്നാല്‍ ബാലറ്റ് കവര്‍ സീല്‍ ചെയ്യേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും ഈ കാരണത്താല്‍ പോസ്റ്റല്‍ വോട്ടുകള്‍ തള്ളിയത് ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും തൃപ്പൂണിത്തറ ഏരിയ നേതൃത്വം വ്യക്തമാക്കി.