എറണാകുളം: കൊവിഡ് സാഹചര്യത്തില്‍ അനുവദിച്ച ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം കൊച്ചിയിലെത്തി. ആഡിസ് അബാബയിൽ നിന്നുള്ള എത്യോപ്യൻ എയർലൈൻസിന്‍റെ വിമാനമാണ് ഇന്ന് കൊച്ചിയിലെത്തിയത്. ഇതിൽ 265 യാത്രക്കാരാണ് എത്തിയത്. നേരത്തെ ജിബൂട്ടിയിൽ നിന്നും ടാൻസാനിയയിൽ നിന്നും ഓരോ വിമാനം കൊച്ചിയിലെത്തിയിരുന്നു. ഇന്നു പുലർച്ചെ ജസീറ എയർവെയ്‌സിന്‍റെയും കുവൈറ്റ് എയർവെയ്സിന്‍റെയും കുവൈത്തിൽ നിന്നുള്ള ഓരോ വിമാനവും കൊച്ചിയിലെത്തിയിരുന്നു.
ഗോ എയറിന്‍റെ കുവൈറ്റ് വിമാനം, ഇൻഡിഗോയുടെ കുവൈറ്റ് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മധുര വഴിയുള്ള സിംഗപ്പൂർ വിമാനവും ഇന്ന് കൊച്ചിയിലെത്തും. 1165 യാത്രക്കാരാണ് വിദേശത്തു നിന്നും കൊച്ചിയിൽ എത്തുക. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് രണ്ട് വിമാനങ്ങൾ കൊച്ചിയിൽ നിന്ന് സർവീസ് നടത്തും. സൗദി വിമാനം റിയാദിലേക്ക് 240 യാത്രക്കാരുമായി രാത്രി എട്ടിനും എമിറേറ്റ്സ് വിമാനം 340 യാത്രക്കാരുമായി രാത്രി 11.30നും പുറപ്പെടും. ഇന്നലെ ഗൾഫില്‍ നിന്ന് ആറ് ചാർട്ടേഡ് വിമാനങ്ങൾ പ്രവാസികളുമായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രണ്ടെണം മാത്രമാണ് എത്തിയത്. ആഭ്യന്തര സെക്ടറിൽ ഇന്നലെ കൊച്ചിയിലേക്ക് 9 വിമാനങ്ങൾ സർവീസ് നടത്തി. കൊച്ചിയിൽ നിന്ന് എട്ട് വിമാനങ്ങളും വിവിധ നഗരങ്ങളിലേക്ക് യാത്ര തിരിച്ചു.