എറണാകുളം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊച്ചി കോർപറേഷൻ പരിധിയിലെ ഫോർട്ട് കൊച്ചി മേഖലയിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ അവശ്യസാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി. കഴിഞ്ഞ ദിവസം മാത്രം ഫോർട്ട് കൊച്ചി മേഖലയിൽ ഇരുപത്തിരണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എല്ലാവർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഇതോടെയാണ് ഫോർട്ട് കൊച്ചി എറണാകുളം ജില്ലയിലെ പുതിയ ക്ലസ്റ്ററായി മാറിയത്.
കൊച്ചി കോർപറേഷനിലെ ഒന്ന് മുതൽ ഇരുപത്തയെട്ട് വരെയുള്ള ഡിവിഷനുകളാണ് ഫോർട്ട് കൊച്ചി മട്ടാഞ്ചേരി മേഖലകളിൽ ഉൾപ്പെടുന്നത്. നേരത്തെ ഫോർട്ട് കൊച്ചിയിൽ ആലുവക്ക് സമാനമായ രീതിയിൽ കർഫ്യു പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഈ തീരുമാനം പിന്നീട് ഒഴിവാക്കുകയായിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് മട്ടാഞ്ചേരിയിലായിരുന്നു. അതേസമയം ഫോർട്ട് കൊച്ചിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.