എറണാകുളം: കാലിക്കറ്റ് സർവകലാശാല ത്രിവത്സര എൽ.എൽ.ബി പരീക്ഷ നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീൽ കോടതി അനുവദിച്ചു. പരീക്ഷ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു.
ത്രിവത്സര എൽ.എൽ.ബി കോഴ്‌സിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നതായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തടഞ്ഞത്. സെപ്‌റ്റംബർ ഒമ്പതിന് ഓഫ്‌ലൈനായി ആരംഭിക്കുന്ന പരീക്ഷ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഗവ. ലോ കോളജിലെ വിദ്യാർഥിയായ ശ്രീകുമാർ വർമ്മ ഉൾപ്പെടെ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് നൽകിയത്.
മുമ്പ് ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനൊപ്പം ഓൺലൈൻ പരീക്ഷ നടത്താനാവുമോയെന്നതും പരിഗണിക്കാൻ സർവകലാശാലയോടു നിർദേശിച്ച് ഹർജി തീർപ്പാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷം സുപ്രീം കോടതി സംസ്ഥാനത്തെ ഹയർ സെക്കന്‍ററി ഒന്നാം വർഷ പരീക്ഷ സ്റ്റേ ചെയ്‌തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ നൽകിയ പുന:പരിശോധന ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് പരീക്ഷ നടത്തുന്നത് തടഞ്ഞത്. എന്നാൽ ഇത് ചോദ്യം ചെയ്‌ത് സർവകലാശാല നൽകിയ അപ്പീൽ ഹർജിയിലാണ് നാളെ തുടങ്ങുന്ന പരീക്ഷയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.
ALSO READ: ചരിത്രത്തിലേക്ക് ഒരു തീരുമാനം, വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം