എറണാകുളം: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ മേധാവി കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. അടുത്ത തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസങ്ങളില്‍ യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 15 കോടിയിലധികം രൂപ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സ്ഥാപനങ്ങളില്‍ റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. എഫ്‌സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ചര്‍ച്ചിന്‍റെ കീഴിലുളള ആശുപത്രി, സ്‌കൂള്‍, കോളജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്‌ഡില്‍ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ സാങ്കേതിക വിദഗ്‌ധരുടെ സാഹായത്തോടെ ആദായ നികുതി വകുപ്പ് പരിശോധിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേഴ്‌സ് ചര്‍ച്ച് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായനികുതി വകുപ്പിന്‍റെ നിഗമനം.